ശ്വാനജന്മം

മലയാളം കമ്പികഥ – ശ്വാനജന്മം

തെരുവില്‍ വിശന്നു വലഞ്ഞു അലഞ്ഞ ഒരു പാവം നായ ദൈവത്തോട് പ്രാര്‍ത്ഥിച്ചു .” ദൈവമേ…..എന്നെ ഒരു മനുഷ്യന്‍ ആക്കി തീര്‍ക്കണേ” പൊടുന്നനെ ദൈവം പ്രത്യക്ഷപെട്ടു.. അവന്‍ വിചാരിച്ചതിനെക്കാള്‍ ഗാംഭീര്യം ഉണ്ടായിരുന്നു ദൈവത്തിന്.. സ്വര്‍ണനിറമുള്ള രോമങ്ങള്‍…പള്ളിമണികള്‍ പോലെ തൂങ്ങികിടക്കുന്ന വിശാലമായ ചെവികള്‍. ബലിഷ്ടമായ കൈകാലുകളുടെ അറ്റത്ത്‌ വജ്രശോഭയുള്ള കൂര്‍ത്തനഖങ്ങള്‍. സിംഹജടപോലെ കനപ്പെട്ട രോമങ്ങളുള്ള വിജ്രംഭിച്ചുകിടക്കുന്ന വാൽ. കഴുത്തില്‍ ബെല്‍റ്റ്‌ ഇല്ല. പക്ഷെ തലയിലൊരു സ്വര്‍ണകിരീടം ഉണ്ട്.

ഇടിമുഴക്കം പോലുള്ള ശബ്ദം….!! ” നിനക്കെന്തിനാ മനുഷ്യ രൂപം? ” അവന്‍ താഴ്മയായി ഉത്തരം നല്‍കി ” പ്രഭോ, ഈ ലോകം മനുഷ്യരുടേതാണ്; അവരാണ് ഈ ലോകത്ത് എല്ലാം തീരുമാനിക്കുന്നത്. അവര്‍ പുറന്തള്ളുന്ന മാലിന്യങ്ങളില്‍ ഞങ്ങള്‍ ഭക്ഷണം തിരഞ്ഞു നടക്കുന്നു…അവരുടെ കുട്ടികള്‍ കടിച്ചിട്ട്‌ ബാക്കിയാകുന്ന ബിസ്കറ്റ് തിന്നാന്‍ വേണ്ടി ഞങ്ങളുടെ കുട്ടികള്‍ കടിപിടി കൂടുന്നു; ഒരു നേരത്തെ ആഹാരത്തിനു വേണ്ടി ഞങ്ങള്‍ അവരുടെ വീടുകളുടെ പിന്നാമ്പുറങ്ങളില്‍ ചെന്ന് ഇളിഭ്യരായി പതുങ്ങി നില്കുന്നു….മനുഷ്യനായി ജനിച്ചിരുന്നെങ്കില്‍ എന്ന് ഞങ്ങള്‍ എന്നും കൊതിക്കാറുണ്ട്. ഈ ശ്വാനജന്മം ഞങ്ങള്‍ക്ക് അലച്ചില്‍ മാത്രമേ സമ്മാനിച്ചിട്ടുള്ളൂ. ഒരു ദിവസമെങ്കിലും എനിക്കൊരു മനുഷ്യനായി ഈ ഭൂമിയില്‍ കഴിയണം പ്രഭോ..ദയവായി കനിഞ്ഞാലും…”

ദൈവത്തിന്റെ കരങ്ങള്‍ അവനെ അടിമുടി തഴുകി…..മന്ദഹസിച്ചുകൊണ്ട് ദൈവം മൊഴിഞ്ഞു “ശരി , അങ്ങനെയാകട്ടെ…നീ ഇപ്പോള്‍ കണ്ണുകള്‍ അടക്കൂ…..”. അവന്‍ കണ്ണുകളടച്ചു. ഒരു നീണ്ട നിദ്രയിലേക്ക് അവൻ പ്രവേശിച്ചു.

കണ്ണ് തുറന്നപ്പോള്‍ അവനൊരു സ്ത്രീയുടെ ചുമലില്‍ ഇരിക്കയാണ്. കൊള്ളാം! ദൈവം തന്നെയൊരു മനുഷ്യക്കുഞ്ഞാക്കിമാറ്റിയിരിക്കുന്നു. മനുഷ്യര്‍ അവരുടെ കുഞ്ഞുങ്ങളെ എത്ര സ്നേഹത്തോടെയാണ് താലോലിക്കുന്നത് എന്നവനോര്‍ത്തു. ദൈവം അറിഞ്ഞു അനുഗ്രഹിച്ചിരിക്കുന്നു !!! ആ സ്ത്രീ അവനെ എടുത്തു മാറോടണച്ചു ഉമ്മ വെച്ചു. സന്തോഷം കൊണ്ടവന്റെ മനസ്സ് തുള്ളിച്ചാടി. ഇന്ന് മുതല്‍ ഞാന്‍ മനുഷ്യജന്മത്തിന്റെ സുഖലോലുപത അറിയാന്‍ പോകയാണ്…അവന്‍ ഓര്‍ത്തു. ഏതൊരു മനുഷ്യക്കുഞ്ഞിനെയും പോലെ, ലോകത്തോടുള്ള ആദ്യ ബന്ധം സ്ഥാപിക്കാനായി അവന്‍ കരഞ്ഞു. ഉറക്കെ ഉറക്കെക്കരഞ്ഞു.

മഹത്തായ മനുഷ്യജന്മത്തിനോടുള്ള ആദരവായിരുന്നു മനസ്സു നിറയെ. പക്ഷെ പ്രതീക്ഷിക്കാത്ത മറ്റൊരു കാര്യം സംഭവിച്ചു. അവന്‍റെ വായിലേക്ക് ഒരു പ്ലാസ്റ്റിക്‌ കക്ഷണം സാവധാനം തള്ളി വെച്ചുകൊടുത്തു, ആ സ്ത്രീ. അതോടെ കരച്ചില്‍ നിലച്ചു പോയി. മുന്‍പ് തെരുവ് മാലിന്യത്തില്‍ ആര്‍ത്തിയോടെ ഭക്ഷണം ചികയുമ്പോള്‍ പ്ലാസ്റ്റിക്‌ കക്ഷണങ്ങള്‍ വായില്‍ അകപെടുമായിരുന്നു. ഇത് പക്ഷെ അങ്ങനല്ലല്ലോ. ലാളിക്കുന്ന കരങ്ങളില്‍ അല്ലെ താനിപ്പോള്‍? എന്നിട്ടും താന്‍ ഒന്ന് കരഞ്ഞപ്പോള്‍ എന്തിനാണ് യാതൊരു രുചിയുമില്ലാത്ത ഈ മൃതവസ്തു വായില്‍ തിരുകിത്തന്നത്!!

ചുറ്റുപാടും വീക്ഷിച്ചതില്‍ നിന്നും ഒരു തിരക്കേറിയ സ്ഥലത്ത് ആണ് തന്നെയും ഏന്തി ആ സ്ത്രീ നില്കുന്നതെന്ന് മാത്രം അവനു മനസ്സിലായി. അതിനിടെ അവന്‍ മറ്റൊരു കാര്യം ശ്രദ്ധിച്ചു. തന്റെ കാലുകള്‍ക്കിടയില്‍ എന്തോ ഒരു നനവ്‌. കാലുകള്‍ അല്പം അകത്തുകയും അടുപ്പിക്കുകയും ചെയ്തപ്പോള്‍ അവനു മനസിലായി വിസർജ്യം മുഴുവന്‍ അവിടെ തന്നെ കിടപ്പുണ്ട് എന്ന്. ഒരുതരം പഞ്ഞികെട്ട് പോലുള്ള തുണി കൊണ്ട് വരിഞ്ഞ് കെട്ടി മറച്ചിരിക്കുന്നു. അറപ്പ് കൊണ്ട് അവനു മനം പിരട്ടലുണ്ടായി. എന്നാൽ വായില്‍ തിരുകിയ പ്ലാസ്റ്റിക്‌ കക്ഷണം അതിനനനുവദിച്ചില്ല. അവനവന്റെ അമേദ്യം മണ്ണ് കൊണ്ട് മൂടി, അവിടെനിന്ന് പതിനഞ്ചുവാര അകലത്തില്‍ മാറിയെ കിടക്കാവു എന്നതാണ് ആദിമ ശ്വാനനോടുണ്ടായിരുന്ന ആദ്യ ദൈവകൽപ്പന. താനടക്കമുള്ള സകല നായകളും എത്ര കഷ്ടസ്ഥിതി ആയാലും ഈ നിയമങ്ങള്‍ ഉറപ്പായും പാലിച്ചേ ജീവിക്കു. സ്വന്തം മലത്തിന്റെയും മൂത്രത്തിന്റെയും നനവ്‌ പറ്റിയുള്ള ആ ഇരിപ്പ്‌ അവനു സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. വൈകാതെ അവന്‍ ദൈവത്തെ സ്മരിച്ചു…..”എന്റെ പൊന്ന്തമ്പുരാനെ!!!”

അല്പസമയത്തിനകം ദൈവം അവന്റെ ഉടുപ്പിന്നുള്ളില്‍ സൂക്ഷ്മ രൂപത്തില്‍ പ്രത്യക്ഷപെട്ടു ” ഹൂ എന്തൊരു നാറ്റം !! ഇതെന്താ ഈ പഞ്ഞി പോലത്തെ കെട്ടി വെച്ചിരിക്കുന്ന തുണി ? “

അവന്‍ പറഞ്ഞു ” പ്രഭോ , അതൊക്കെ ഞാന്‍ പിന്നീട് പറയാം…ഇപ്പോള്‍ ദയവായി എനിക്ക് മറ്റൊരു ശരീരം തന്നാലും. ഇവിടം എനിക്ക് പറ്റുമെന്ന് തോന്നുന്നില്ല”

ദൈവം പറഞ്ഞു ” ശരി ശരി. നിന്നെ ഞാന്‍ ഒരു കൌമാരക്കാരന്റെ ശരീരത്തില്‍ പ്രവേശിപ്പിക്കാം. അത് ചിലപ്പോള്‍ നിനക്ക് പറ്റുന്നതാകും “

ദൈവം വീണ്ടും തഴുകി. അവന്റെ കണ്ണുകള്‍ അടഞ്ഞു.

കണ്ണ് തുറന്നു. ഇപ്പോള്‍ അവന്‍ ഒരു പുല്‍ത്തകിടിയില്‍ കിടക്കുകയാണ്. ഇടതു വശത്തായി ഒരു സുന്ദരിയായ പെണ്‍കുട്ടിയും കിടക്കുന്നു. അവള്‍ ചിരിക്കുന്നുണ്ട്. അവളുടെ ഒരു കൈ അവന്റെ കൈയില്‍ പിണഞ്ഞുകിടക്കുന്നു. ആ വശ്യമായ കണ്ണുകള്‍ എന്തോ മന്ത്രിച്ചു. പ്രണയം എന്ന മഹത്തായ മനുഷ്യവികാരം അവന്റെ ഉള്ളില്‍ ചിറകു വിടര്‍ത്താന്‍ ആരംഭിച്ചിരുന്നു.

അവള്‍ ചിരിച്ചു കൊണ്ട് അവന്റെ ശരീരത്തോട് ചേര്‍ന്ന് കിടന്നു. ജീവിതത്തില്‍ ഒരിക്കലും ഇല്ലാതിരുന്ന ഒരു അനുഭൂതി അവനു അപ്പോള്‍ കിട്ടിത്തുടങ്ങി …ഹൃദയമിടിപ്പ് കൂടി വന്നു. ഈ ദൈവീകാനുഭൂതി ലഭിക്കാന്‍ തക്കവണ്ണം ഒരു ശരീരം തന്നതില്‍ അവന്‍ ദൈവത്തോട് അത്യധികം കൃതാർഥനായി. ആരോടെങ്കിലും സ്നേഹം തോന്നിയാല്‍ അത് മറച്ചു വെക്കാതെ സത്യസന്ധമായി പ്രകടിപ്പിക്കണം. അതാണ്‌ ഉത്തമരായ നായകളുടെ സ്വഭാവം മനസ്സില്‍ നുരഞ്ഞു പൊന്തിയ ആനന്ദവും ഉന്മാദവും അവന്റെ കൈകളിലേക്ക് പടര്‍ന്നു.അവന്‍ അവളെ തന്നോട് അടുപ്പിച്ച് നെറ്റിയിലും കവിളിലും മെല്ലെ മെല്ലെ ചുംബിച്ചു. ഉള്ളില്‍ നിര്‍വൃതിയുടെ ദൈവിക ഭാവം നിറയുമ്പോള്‍ അവനോര്‍ത്തു: “ദൈവമേ നന്ദി …ഈ മനുഷ്യജന്മം എത്ര ധന്യം “

പെട്ടന്നാണ് അവന്‍ അത് കേട്ടത്. കുറേ ആളുകള്‍ പല ദിക്കുകളില്‍ നിന്നുമായി അലറിക്കൊണ്ട്‌ ഓടി വരുന്നു. അവനു ഒന്നും പിടികിട്ടിയില്ല… അവള്‍ ഭയന്ന് വിറച്ചു. അടുത്തെത്തിയ ആളുകള്‍ പെണ്‍കുട്ടിയുടെ മുടി കുത്തി പിടിച്ച് വലിച്ചു. വേറെചിലര്‍ ചേര്‍ന്ന് അവന്റെ കൈയില്‍ കടന്നു പിടിച്ചുകൊണ്ട് മറ്റുള്ളവരോട് വിളിച്ച് പറഞ്ഞു; “ഓടിവാ വേഗം,..രണ്ടു ന്യു ജെനറേഷന് പട്ടികളെ കിട്ടിയുണ്ട്”. അവനെയും അവളെയും അവര്‍ പൊതിരെ തല്ലാന്‍ തുടങ്ങി… മുഖത്തും കൈകാലുകളിലും വടി കൊണ്ടുള്ള അടി വീഴുന്നത് അവന്‍ അറിഞ്ഞു….തെരുവില്‍ അലഞ്ഞു നടന്നപ്പോള്‍ പോലും ഇതുപോലൊരു തല്ലു അവനു കിട്ടിയിട്ടില്ല.. തല്ലുന്നതിനിടയില്‍ അവര്‍ പറയുന്നുണ്ടായിരുന്നു. “നാടിന്റെ സംസ്കാരം നശിപ്പിക്കാന്‍ ഓരോന്നുങ്ങള്‍ ഇറങ്ങിക്കോളും..ജീന്‍സും ഇട്ട് മുടിയും ചീകി നടക്കുന്നു…….പട്ടികള്‍.”

Leave a Reply

Your email address will not be published. Required fields are marked *